Kerala
തൃശൂർ: സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ ഇത്തവണ വിവാദങ്ങള്‍ വേവില്ല. പകരം വേവുന്നത് പഴയിടം മോഹനന് നമ്പൂതിരിയുടെ രുചിപ്പെരുമ മാത്രം. 64-ാമത് സ്കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിവസം മുതല്‍ പഴയിടം മോഹനന് നമ്പൂതിരി കലോത്സവം കാണാനെത്തുന്നവര്‍ക്ക് രുചി വിളമ്പിതുടങ്ങി. തുടര്‍ച്ചയായി 22 വര്‍ഷങ്ങള്‍ പിന്നിടുന്നു സ്കൂള്‍ കലോത്സവ വേദികളിലെ പഴയിടം കൈപ്പുണ്യത്തിന്റെ പെരുമ.
കലോത്സ വേദിയിലെ വിഭവങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളൊക്കെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അന്നേ അവസാനിച്ചു. വീണ്ടും അത്തരം വിവാദങ്ങളുടെ കെട്ടഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും പഴയിടം ദീപികയോട് പറഞ്ഞു.
കലോത്സവേദിയില് വിളമ്പുന്ന വിഭവങ്ങളില്‍ മാംസാഹരവും ഉള്പ്പെടുത്തണമെന്നുള്ള അഭിപ്രായങ്ങളെ ചൊല്ലിയുള്ള വിവാദങ്ങളോടാണ് പഴയിടം മുഖം തിരിച്ചത്. തീര്‍ന്ന വിഷയങ്ങളെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരുപാട് പേര്‍ക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കിയ ഒരു വിഷയം കൂടിയാണതെന്നും പഴയിടം പറഞ്ഞു.
പരമാവധി വൃത്തിയോടെയാണ് കുട്ടികള്‍ക്കും കലോത്സവത്തിനെത്തുന്ന മറ്റെല്ലാവര്‍ക്കും ഭക്ഷണം വിളമ്പുന്നത്. എല്ലാവരും ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് കാണുമ്പോഴാണ് തനിക്ക് സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവത്തിന്റെ ഒന്നാം ദിവസം ചക്കപ്പഴം പ്രഥമന്‍ വിളമ്പിയാണ് പഴയിടം ഉച്ചയൂണിന് മാധുര്യമേകിയത്. ഒമ്പതുതരം ധാന്യങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ കൊങ്ങിണി ദോശയും പ്രഭാത ഭക്ഷണമായി ഉള്‍പ്പെടുത്തി പഴയിടം ആദ്യ ദിവസം തന്നെ പുതുമ വിളമ്പി. കലോത്സവത്തിന് മുന്നോടിയായി കുറ്റമറ്റരീതിയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനും കലവറയിലെ സജീകരണങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായി വരുന്ന അധ്വാനത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.
80 തൊഴിലാളികള്‍ കൂടിചേര്‍ന്നാണ് കലോത്സവത്തിന് എത്തിച്ചേരുന്ന എല്ലാവര്ക്കും ഭക്ഷണം വിളമ്പുന്നത്. അഞ്ച് ദിവസങ്ങളിലായി രണ്ടരലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പുകയെന്ന ഉദ്യമമാണ് താന്‍ ഏറ്റെടുത്തിട്ടുള്ളതെന്നും പഴയിടം പറഞ്ഞു.
ആദ്യ ദിവസം മാത്രം ഉച്ചയൂണോടെ 20,000 ത്തില്‍ അധികം ആളുകള്‍ക്ക് ഭക്ഷണം വിളമ്പിയാതായാണ് കണക്കുകള്‍. ആദ്യ രണ്ട് ദിവസങ്ങളില്‍ തിരക്കേറുമെന്നും പഴയിടം കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ട് ചിലവ് അല്പം കൂടിയാലും ഭക്ഷണത്തിന്റെ രുചിയിലും നിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ പഴയിടം ഒരുക്കമല്ല.
Kerala
കൊച്ചി: കൊച്ചി കോർപറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തെ തുടർന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റവന്യൂ ജില്ലാ കലോത്സവം നാളെ അവസാനിക്കാനിരിക്കെയാണ് കലാപരിപാടികൾ ആസ്വദിക്കാനായി വിദ്യാർത്ഥികൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളാണ് കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം നഗരത്തിൽ 16 വേദികളിലായി നടന്നുവരുന്ന മേള നാളെ സമാപിക്കും.